inner-banner

Our Books

മനുഷ്യമനസ്സിന്റെ അനിയന്ത്രിത സഞ്ചാരങ്ങളും ഒഴിയാബാധപോലെ പിന്തുടരുന്ന ഓര്‍മ്മകളും പരമ്പരാഗതവിശ്വാസങ്ങളും അതീതയാഥാര്‍ത്ഥ്യങ്ങളും ദേശചരിതവും ഇടകലര്‍ന്നിഴചേരുന്ന നോവല്‍. ഉദ്യോഗഭരിതമായ കഥയുടെ വിഭ്രമാന്തരീക്ഷത്തില്‍ ഹിപ്‌നോസ് ഒരിക്കലും ഉറങ്ങുന്നില്ല. ആധുനിക മനോവിജ്ഞാനവും  അതീന്ദ്രിയാനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്ന ത്രസിപ്പിക്കുന്ന നോവല്‍.


''മാനസിക രോഗാവസ്ഥയെ നന്നായി വിശകലനം ചെയ്തും വിശദീകരിച്ചും വിശ്വാസത്തിന്റെയോ ശാസ്ത്രത്തിന്റെയോ പക്ഷം ചേരാതെയും വിശ്വാസയോഗ്യമായ രീതിയിൽ മുന്നോട്ട് നീങ്ങുന്ന ഈ രചനയുടെ ഏറ്റവും  നല്ല സവിശേഷത അതിന്റെ പാരായണ ക്ഷമത തന്നെയാണ്. നോവൽ വായിച്ചവസാനിപ്പിക്കുന്ന നമ്മൾ വിചിത്രാനുഭവങ്ങൾ നിറഞ്ഞ ഒരു തുരങ്ക യാത്ര കഴിഞ്ഞിറങ്ങിയതുപോലെ ആശ്വാസം കൊള്ളുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു.''

അവതാരികയിൽ ബെന്യാമിൻ


 Format: Paperback | Pages: 200

 Size: Demy 1/8 | 000 g

 Edition: First, 2019 August

 Cover design: Rajesh Chalode


  

5

സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന രചന: ഹരികൃഷ്ണന്‍ ഹരിദാസ്

മനുഷ്യ മനസ്സോളം ദുര്‍ഗ്രാഹ്യമായ മറ്റെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആ മനസ്സിനെ ശാസ്ത്രീയമായി പഠിക്കുവാന്‍ മനഃശാസ്ത്രം എന്ന ശാസ്ത്രശാഖ വരെ ഉണ്ടായി. എങ്കിലും ഈ ക്വാണ്ടം യുഗത്തിലും മനസ്സ്, ആത്മാവ് തുടങ്ങിയ അതീന്ദ്രിയ തത്ത്വങ്ങള്‍ പിടിതരാതെ മനുഷ്യബുദ്ധിയെ കുഴപ്പിക്കുന്നു. പാരാസൈക്കോളജിയും ഹിപ്‌നോട്ടിസവുമെല്ലാം ഈ പ്രഹേളികകള്‍ക്ക് ഉത്തരം അന്വേഷിക്കുന്നു. അങ്ങനെയുള്ള ഒരു പശ്ചാത്തലത്തില്‍ ഒരു നോവല്‍ രചിക്കപ്പെട്ടാല്‍ സാഹിത്യാഭിരുചിയുള്ളവര്‍ക്കു മാത്രമല്ല മനഃശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകും. അതിന്റെ ഒപ്പം ഒരു കുറ്റാന്വേഷണവുമായാലോ? ഇരട്ടിമധുരമെന്നു പറയാം. അത്തരമൊരു ശ്രമത്തില്‍ വിജയിച്ചിരിക്കുകയാണ് നോവലിസ്റ്റ് സുധീര്‍പറൂര് തന്റെ ‘ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികള്‍’എന്ന നോവലിലൂടെ. മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന വായനാനുഭവം നല്‍കുന്നതാണ് ഈ നോവല്‍. പാരാസൈക്കോളജിയുടെയും ഹിപ്‌നോട്ടിസത്തിന്റെയും ബാലപാഠങ്ങള്‍ ഈ നോവലില്‍ നിന്നും പഠിക്കുവാനാകും. അവയുമായി ബന്ധപ്പെട്ട ചരിത്രപശ്ചാത്തലങ്ങള്‍ കഥ പറയുംപോലെ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരില്‍ മടുപ്പുളവാക്കാതെയിരിക്കുന്നു. ¶ ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥ ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനു സഹായകരമാകുന്ന കാര്യങ്ങള്‍ അതീന്ദ്രിയമെന്നോ മനസ്സിന്റെ പ്രതിഭാസമെന്നോ അതുമല്ല, അദൃശ്യമായ ഒരു ചേതനയുടെ ഇടപെടലെന്നോ നിശ്ചയിക്കാനാവാത്ത വിധം കുഴയുന്ന ഇതിലെ കഥാപാത്രങ്ങളെ പാരാസൈക്കോളജിയുമായി സ്വല്പമെങ്കിലും ബന്ധമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. ആ വിഷയങ്ങള്‍ അത്ര പരിചയമില്ലാത്തവര്‍ക്ക് പോലും അത് മനസ്സിലാക്കുവാന്‍ സഹായിക്കുംവിധം ചില സാങ്കേതിക പദങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഗ്രന്ഥകാരന്‍ ഒട്ടും വിരസത ഉളവാക്കാത്തവിധം അവതരിപ്പിച്ചിരിക്കുന്നത് അത്യന്തം ശ്ലാഘനീയമാണ്. ¶ വായനക്കാരനില്‍ കഥയുടെ പരിണാമം എന്തെന്നറിയാനുള്ള ആകാംക്ഷ ഉളവാക്കുന്ന രചനാരീതി ഇതിന്റെ ആസ്വാദ്യത കൂട്ടുന്നു. ലളിതവും സാധാരണ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതുമായ ഒരു സംഭവത്തെ മനഃശാസ്ത്രജ്ഞന്റെ പക്വതയോടെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. പഠിക്കാനും ചിന്തിക്കാനും ആസ്വദിക്കുവാനും ഒരുപോലെ അവസരം തരുന്ന ഈ നോവലിന് അവതാരിക എഴുതിയിരിക്കുന്നത് ബെന്യാമിനാണ്. അദ്ദേഹം ഇപ്രകാരം പറയുന്നു: ‘മാനസിക രോഗാവസ്ഥയെ നന്നായി വിശകലനം ചെയ്തും വിശദീകരിച്ചും വിശ്വാസത്തിന്റെയോ ശാസ്ത്രത്തിന്റെയോ പക്ഷം ചേരാതെയും വിശ്വാസയോഗ്യമായ രീതിയില്‍ മുന്നോട്ടു നീങ്ങുന്ന ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്.’ ¶ സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന ഈ നോവല്‍ വായനക്കാര്‍ക്ക് ആസ്വാദ്യകരമായ ഒരു ഹിപ്‌നോട്ടിക് അനുഭൂതി തരും എന്നതിന് തര്‍ക്കമില്ല. (ഹരികൃഷ്ണന്‍ ഹരിദാസ് കേസരിയിൽ പങ്കുവച്ച ആസ്വാദന കുറിപ്പിൽനിന്ന്, (പൂർണ്ണരൂപം https://bit.ly/2MBwuQb എന്ന ലിങ്കിൽ വായിക്കാം)

Reviews

27 Dec , 2019

5

മോഹനിദ്രയിലെ ഉള്‍ക്കാഴ്ചകള്‍: യു. പി. സന്തോഷ്

അന്ധവിശ്വാസി എന്ന് വിളിക്കപ്പെടാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ അടിസ്ഥാനപരമായി വിശ്വാസങ്ങളുടെ കരുത്ത് അന്ധമായതും ചോദ്യം ചെയ്യപ്പെടാത്തതുമായ വിശ്വാസമാണ്. ശാസ്ത്രീയതയുടെ പിന്‍ബലത്തോടെ വിശ്വാസത്തെ ഉറപ്പിച്ചുനിര്‍ത്തുന്നവര്‍ ലോകത്ത് ഒരുപാടുണ്ട്. എന്നാല്‍ ഉപാധികളില്ലാതെ വിശ്വാസത്തിന്റെ പക്ഷത്ത് ചേരുന്നവരാണ് അധികം. യുക്തിയും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്നവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും. മനുഷ്യന്റെ യുക്തിക്കും ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കും അപ്പുറത്തുള്ള നിരവധി കാര്യങ്ങളെ കുറിച്ചുള്ള ആകുലതകള്‍ ആദിമകാലം മുതല്‍ തന്നെ മനുഷ്യന്‍ നേരിട്ടിട്ടുണ്ട്. ഈ മനസംഘര്‍ഷത്തെ ഫലപ്രദമായി അവതരിപ്പിക്കുന്ന ഒരു സര്‍ഗാത്മക സൃഷ്ടി എന്നിടത്താണ് സുധീര്‍ പറൂരിന്റെ പുതിയ നോവലായ 'ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികളു'ടെ പ്രസക്തി. ¶ ആധുനിക മനഃശാസ്ത്രത്തെയും ആത്മീയാനുഭൂതികളിലൂടെ വെളിവാക്കപ്പെടുന്ന അതീന്ദ്രിയ അറിവുകളുടെയും കൂടിച്ചേരലാണ് ഈ നോവല്‍ വായിക്കുമ്പോള്‍ അനുഭവവേദ്യമാകുന്നത്. ഹിപ്‌നോതെറാപിസ്റ്റായ നോവലിസ്റ്റിന് ഈ വിഷയം തന്റെ ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തില്‍ ആധികാരകതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല, ഒരു നോവലിനുണ്ടായിരിക്കേണ്ട ഉദ്വേഗതയും നാടകീയതയുമെല്ലാം ഉള്‍ച്ചേര്‍ക്കാനും കഴിഞ്ഞു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. ¶ ഹിപ്‌നോതെറാപ്പിസ്റ്റിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില യാദൃച്ഛികതകളില്‍ നിന്ന് നാല് കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് നീളുന്ന അന്വേഷണമാണ് ഇതിലെ പ്രതിപാദ്യം. ഒരു കുറ്റാന്വേഷണ നോവലിന്റെ തലത്തിലേക്കും ഇടയ്ക്ക് മനഃശാസ്ത്രത്തിന്റെ വൈജ്ഞാനിക തലത്തിലേക്കും മാറിമാറി സഞ്ചരിക്കുകയാണ് നോവലിസ്റ്റ്. വായനയ്ക്കിടയില്‍ നോവലിന്റെ മുഖ്യവിഷയവുമായി ബന്ധപ്പെട്ട ദീര്‍ഘമായ ചര്‍ച്ചകളും വിഷയവിവരണങ്ങളും പല സന്ദര്‍ഭങ്ങളിലും കടന്നുവരുന്നു. നോവല്‍ സാഹിത്യത്തില്‍ ഇത് ഒരു അപൂര്‍വ്വസംഗതിയല്ല. പ്രത്യേകവിഷയത്തിലുള്ള ചര്‍ച്ചകളും ചിന്തകളും പേജുകളോളം നീളുന്ന നോവലുകള്‍ മലയാളത്തിലും ധാരാളമുണ്ട്. അത്തരം ചിന്തകളെ കല്ലുകടിയില്ലാതെ നോവലിന്റെ കഥാതന്തുവുമായി ഇഴുകിച്ചേര്‍ക്കുന്നിടത്താണ് രചയിതാവിന്റെ കഴിവ്. കഥാഗതിക്കൊപ്പം തന്നെ മനഃശാസ്ത്രത്തിന്റെ പ്രാഥമികപാഠങ്ങളും അതുമായി ബന്ധപ്പെട്ട പലവഴിക്കുള്ള സംശയനിവാരണങ്ങളും ഒരു പാഠപുസ്തകത്തിലെന്ന പോലെ വിവരിക്കുന്നുണ്ട്. കഥയുടെ ഒഴുക്കിനെ കാര്യമായൊന്നും ബാധിക്കാത്ത തരത്തിലാണ് ഈ അവതരണം. ¶ ആധുനിക മനോവിജ്ഞാനീയവും അതീന്ദ്രിയാനുഭവങ്ങളും ഇവിടെ മാറിമാറി വായനക്കാരന്റെ മനസ്സിലെ വൈജ്ഞാനികതലങ്ങളെ തലോടുന്നു. സുരേന്ദ്രനാഥന്‍ സാര്‍ എന്ന മനഃശാസ്ത്രജ്ഞനായ കഥാപാത്രം നോവലിലെ സമസ്യകളെ മരിച്ചയാളുടെ ആത്മാവുമായി ബന്ധപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ട് അതീന്ദ്രിയമായ ഒരു ഇടപെടലിന്റെ സാധ്യതകളിലേക്കാണ് സഞ്ചരിക്കുന്നത്. അതേസമയം, സുധീര്‍ എന്ന ഹിപ്‌നോട്ടിസ്റ്റായ കഥാപാത്രം (നോവലിസ്റ്റിന്റെ ആത്മാംശം ഈ കഥാപാത്രത്തിലുണ്ടെന്ന് സുവ്യക്തം) യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. തന്റെയരികില്‍ ചികിത്സയ്ക്കായി എത്തിയ നാലുപേരും ഏതെങ്കിലും തരത്തില്‍ പരസ്പരം ബന്ധപ്പെട്ടവരാണെന്ന് മനസ്സിലാക്കുന്ന സുധീറിന് വരദ എന്ന രോഗിയിലൂടെയാണ് ബാക്കിയുള്ളവരിലേക്ക് ഇല്യൂഷന്‍സ് പകര്‍ന്നുകിട്ടിയതെന്ന് ബോധ്യപ്പെടുന്നു. വരദയ്ക്ക് തന്റെ അമ്മയുടെ സംഭാഷണങ്ങള്‍ കേട്ടതിലൂടെ ലഭിച്ചതാകാം ഈ ഇല്യൂഷന്‍സ് എന്ന തന്റെ നിഗമനം സുധീര്‍, സുരേന്ദ്രനാഥന്‍ സാറിനോട് പറയുമ്പോള്‍ അങ്ങനെ താന്‍ വിശ്വസിക്കുന്നില്ല എന്നാണ് പറയുന്നത്. 'പിന്നെ സാര്‍ എന്തു വിചാരിക്കുന്നു' എന്ന സുധീറിന്റെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ യുക്തിക്കും അപ്പുറത്തുള്ള അതീന്ദ്രിയമായ ഇടപെടലുകളുടെ രഹസ്യം ഈ ചിരിയിലാണ് വായനക്കാരന്‍ തിരിച്ചറിയുന്നത്. ¶ വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും അന്വേഷണവഴികളില്‍ പരമാവധി തുലനമര്യാദയോടെ കഥപറയാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി നല്ലൊരു വായനാനുഭവമാണ് ഈ നോവല്‍. അവതാരികയില്‍ ബെന്യാമിന്‍ പറഞ്ഞതു പോലെ ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്. (യു. പി. സന്തോഷ് ജന്മഭൂമിയിൽ പങ്കുവച്ച ആസ്വാദന കുറിപ്പിൽനിന്ന്, (പൂർണ്ണരൂപം https://bit.ly/351Mi5o എന്ന ലിങ്കിൽ വായിക്കാം)

WebMaster

15 Jan , 2020

Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top