ശ്രീലകത്തെ സാളഗ്രാമങ്ങൾ
₹ 199.00 ₹ 215.00
₹16 OFF
Product Code:
APPL/034Publisher:
AdayalamAuthor:
AshtamoorthiCategory:
MemoirsSubcategory:
MemoirsLanguage:
MalayalamISBN No:
9788193857007Availability:
In stockRate This Book
കാലപരിണാമങ്ങള്‍ക്കിടയിലെവിടെയോ മറഞ്ഞുപോകുന്ന അനുഭവങ്ങളെ ഓര്‍ത്തെടുക്കുകയാണ് ശ്രീലകത്തെ സാളഗ്രാമങ്ങള്‍. പൂരക്കടല്‍പോലെ ചിതറിയും ഒന്നായും ഒഴുകിപ്പോകുന്ന ഈ അനുഭവങ്ങളിലത്രയും ഇങ്ങിനി വരാതവണ്ണം പൊയ്‌പ്പോയ കാലത്തിന്റെ സ്പന്ദനങ്ങളുണ്ട്. മുംബെയില്‍ നിന്നും ആറാട്ടുപുഴയിലേക്കും ആകാശവാണിക്കാലത്തുനിന്നും നാനോകാലത്തിലേക്കും സംക്രമിക്കുന്ന കുറിപ്പുകള്‍ക്ക് ചെറുകഥയുടെ ലാവണ്യവും നാടകീയതയും പകര്‍ന്നുനല്‍കിയിരിക്കുകയാണ് ഗ്രന്ഥകാരന്‍, ഒപ്പം പുരോഗമാനാത്മകമായൊരു ചിന്താലാവണ്യവും.
✪ Format: Paperback
✪ Size: Demy 1/8
✪ Edition: First, Reprint: 2023 August
✪ Cover design: Rajesh Chalode
5
ഒഴുകിപ്പോയൊരു കാലത്തിന്റെ വിട്ടൊഴിയാത്ത ഓർമകൾ (ഡോ. സ്വപ്ന സി. കോമ്പാത്ത്)
ഒന്ന് കണ്ണടച്ചാൽ കൺമുന്നിൽ പഴയ അവധിക്കാലത്തിന്റെ തിരശ്ശീലയുയരും. എന്തു രുചിയായിരുന്നു ആ കാലത്തിന്! അത് വെറും തോന്നലാകുമെന്ന് ഇന്നത്തെ കുട്ടികൾ കരുതുമായിരിക്കും ഒരിക്കലുമല്ല. "നിപ"യെന്നൊന്നും കേട്ടുകേൾവി പോലുമില്ലാത്ത അക്കാലത്ത് മാവിലേക്ക് കല്ലോ വടിയോ വലിച്ചെറിഞ്ഞും അല്ലാതെയും കിട്ടുന്ന പച്ച/പഴുത്ത മാങ്ങകൾ ഒന്ന് കഴുകുകപോലും ചെയ്യാതെ ഉടുത്തിരിക്കുന്ന ഉടുപ്പിലോ ട്രൗസറിലോ ഒന്നു തുടച്ചു മണ്ണ് കളഞ്ഞു കടിച്ചു മുറിച്ചു പങ്കുവെച്ചിരുന്നു. എവിടേലും ഒരു ചക്ക പറിച്ചെടുത്ത് എവിടേലും കൂട്ടം കൂടിയിരുന്ന് ഒന്നിച്ച് കഴിച്ചിരുന്ന കാലം. ¶ കുപ്പായക്കീശയിലെ പുളിങ്കുരുവിനും മല്ലിക്കുരുവിനും വേണ്ടി പരസ്പരം യാചിച്ചിരുന്ന ഒരു വലിയ സൗഹൃദക്കാലം . പറമ്പ് ആരുടേതായാലും അവിടെയുണ്ടാകുന്ന പേരക്കയും ചാമ്പക്കയും റൂബിക്കയും നെല്ലിക്കയും പുളിയുമെല്ലാം മരങ്ങൾ തങ്ങൾക്ക് ഇഷ്ടദാനമായി തന്നതാണെന്ന് സംശയലേശമെന്യേ കുട്ടികൾ മനസ്സിലാക്കിയിരുന്ന കാലം .കഴിച്ചാൽ ചൂടുകുരു ഉണ്ടാകുമെന്ന് പറഞ്ഞു കൊണ്ട് തന്നെ കശുമാങ്ങ കടിച്ചു പറിച്ചു അതിന്റെ ചാറിറ്റിച്ച് കുപ്പായങ്ങളിൽ പുള്ളി കുത്തിയിരുന്ന കാലം. ദാഹിക്കുമ്പോൾ ഏതെങ്കിലും കിണറ്റിൽനിന്ന് പാളതൊട്ടി കൊണ്ട് കോരി കുടിച്ചിരുന്ന വെള്ളത്തിന് പോലും അന്ന് എന്തൊരു രുചിയായിരുന്നു. ¶ ഇതുകൂടാതെ അല്പം കൂടി ആർഭാടമുള്ള മറ്റു ചില തീറ്റക്കാര്യങ്ങളും ഉണ്ട് . ആരുടെയെങ്കിലും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ചക്ക, കൊള്ളി വറ്റലുകൾ ,ചക്കവരട്ടി, തൃശ്ശൂർ പൂരത്തിന്റെ ഓർമചിന്തുകളായ പൂരപ്പലഹാരങ്ങൾ , വിഷു വിന്റെ ഉണ്ണിയപ്പം ,ഈസ്റ്ററിന്റെ വട്ടേപ്പം തുടങ്ങിയ പലതും ജാതിയേയും മതത്തേയും കുറിച്ച് ചിന്തിക്കാൻ പോലും നേരമില്ലാതെ ഞങ്ങൾ പങ്കിട്ടു രുചിച്ച കുട്ടിക്കാലം. കൈനീട്ടത്തിന്റെ ധാരാളിത്തത്തിൽ പോം പോം എന്ന് വിളിച്ച് കൈയിലേക്ക് വന്നുചേരുന്ന ഐസ്ഫ്രൂട്ടും പെട്ടിക്കടയിലെ ചില്ലുഭരണിയിൽ നിന്നും കൂട്ടം തെറ്റിയെത്തുന്ന കടല മിഠായി,തേൻ നിലാവ് ,ചുക്കുണ്ട, പൊട്ടുകടല ,കുട്ടികൾക്ക് ഉരിഞ്ഞെടുത്തു കഴിക്കാൻ വേണ്ടി മാത്രം പഴുത്തു നിൽക്കുന്ന നാടൻ വാഴക്കുലകൾ ഇനിയും എത്രയെത്ര രുചിയോർമ്മകൾ . ¶ വളർച്ചയിൽ ഞങ്ങളതെല്ലാം ഒളിപ്പിച്ചു കൊണ്ട് പക്വതയുടെ മുഖം മൂടിയണിഞ്ഞു. ജയ് വിളികളിലേക്കും പരീക്ഷകളിലേക്കും ഇന്റർവ്യൂകളിലേക്കും ജീവിതത്തിന്റെ ഉൾച്ചൂടുകളിലേക്കും പരസ്പരം തിരിച്ചറിയാത്ത മട്ടിൽ യാത്ര തുടങ്ങി.. ഭൂതല സംപ്രേക്ഷണത്തിന് മുന്നിൽ കൂട്ടുകൂടിയിരുന്നവർ മൊബൈലിന്റെ ലോകത്തിലേക്ക് ഒറ്റയായി നടന്നകന്നു . നമ്മെ ഇന്നത്തെ നമ്മളായി പരുവപ്പെടുത്തിയെടുക്കാൻ കാലം എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത്. അതിന്റെ മൂശയിലിട്ട് കാലം നമ്മെ പലതവണ ഉടച്ചു വാർത്തു. ¶ കാലം വല്ലാത്തൊരു മായാജാലക്കാരനാണ്. എള്ളെണ്ണ തേച്ചു മിനുക്കിയ മുടിയിഴകളിൽ നരയുടെ കസർത്തു കാട്ടിയതിന്റെ പരിഭവത്തിൽ പറയുന്നതല്ല . എന്തൊക്കെ മാറ്റങ്ങളാണത് നമ്മിലുണ്ടാക്കിയത്. എന്തൊക്കെയാണത് തട്ടിപ്പറിച്ചത്? ഒന്നോർത്തു /നോക്കൂ ,വെറും പതിറ്റാണ്ടുകൾ കൊണ്ട് സൈക്കിളുകളുടെ അവകാശികളായി കുട്ടികളെ മാത്രമായത് പ്രഖ്യാപിച്ചു കളഞ്ഞില്ലേ? ഉച്ചത്തിൽ പാട്ടുപാടിയിരുന്ന, ഡയലോഗുകൾ പറഞ്ഞിരുന്ന സിനിമാകൊട്ടകകളെ കല്യാണമണ്ഡപമാക്കിക്കളഞ്ഞില്ലേ? .ഒന്നോ രണ്ടോ വീട്ടിൽ മാത്രമുണ്ടായിരുന്ന, ഏറ്റവും വലിയ ആഡംബരമെന്ന് ധരിച്ചിരുന്ന കാറിനെ എല്ലാ വീടിന്റെയും മുന്നിൽ വെറുതെ ഉറക്കി കിടത്തിയിരിക്കുന്നതു കണ്ടില്ലേ? മായാജാലക്കാരനെ പോലെ കാലമൊന്ന് വടിചുഴറ്റിയപ്പോഴേക്കും നമ്മുടെ പെട്ടിക്കടകളും ചായക്കടകളും പലചരക്കുകടകളും നിന്നിടത്തെല്ലാം സൂപ്പർമാർക്കറ്റുകളും ഹോട്ടലുകളും രൂപംകൊണ്ടു . ¶ തീർന്നില്ല , കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടത് മന്ദാരവും ചെമ്പരത്തിയും കോളാമ്പിയും ശംഖുപുഷ്പവും ശീമക്കൊന്നയും മൈലാഞ്ചിയും നീറോലിയും കിന്നാരം പറഞ്ഞുനിന്ന വേലിക്കൂട്ടത്തെയത് കോൺക്രീറ്റ് മതിലുകളാക്കി കളഞ്ഞു. ഓർമയുടെ തൊപ്പിയിലേക്ക് ആവാഹിച്ച് കയറ്റിയ ഓലക്കുടിലുകളേയും ഓടുവീടുകളെയും പിന്നീടത് പുറത്തക്ക് വിട്ടിട്ടില്ല. ചാണകം മെഴുകിയ മുറ്റത്തിന്റെ ലാളിത്യത്തിന് മുകളിലേക്ക് പാവിങ്ങ് ടൈലിന്റെ ഗാംഭീര്യത്തെ പ്രതിഷ്ഠിച്ചു. അമ്മൂമ്മക്കഥകളിൽ പറഞ്ഞു കേട്ടിട്ടുള്ള ഭൂതത്താൻ ഒറ്റരാത്രി കൊണ്ട് വലിയ കോട്ടയും കൊട്ടാരവുമെല്ലാം നിർമ്മിച്ചതു പോലെ, നോക്കി നോക്കിയിരിക്കെ നമ്മുടെ പാടങ്ങളെയെല്ലാം അപ്രത്യക്ഷമാക്കിക്കൊണ്ടത് വലിയ കെട്ടിടങ്ങളെ ഉയർത്തിയെടുത്തു . എന്തൊക്കെയോ മന്ത്രം ചൊല്ലിക്കൊണ്ട് തൂവാല വീശിയപ്പോൾ നമ്മുടെ വൈദ്യശാലകളും അരിമില്ലുകളുമെല്ലാം എങ്ങോ പോയൊളിച്ചു. ചെമ്മൺ വഴികൾ ടാർറോഡുകളായി രൂപാന്തരം പ്രാപിച്ചു. ¶ കാലം ഇടതടവില്ലാതെ അതിന്റെ മായാജാലങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. പോസ്റ്റ്മേന്റെ ബെല്ലടിക്കായി കാതോർത്തു നിന്ന കത്ത് കാലത്തെയത് കുത്തിക്കൊന്നില്ലേ? നമ്മൾ വിശ്വസിച്ചതെല്ലാം തെറ്റാണെന്ന് വീണ്ടും വീണ്ടും പഠിപ്പിച്ചു കൊണ്ടിരിക്കുന്നില്ലേ? അണുകുടുംബത്തിലേക്ക് ചേക്കേറിയ നമ്മൾ അണുവിനെ ഭയന്ന് കുടുംബത്തിനുള്ളിൽ ഒളിച്ച് കഴിയുന്നു. അവധി കിട്ടിയിട്ട് വേണം അയൽപക്കത്തുള്ളവരെ പരിചയപ്പെടാനെന്ന് കൊതിച്ചവർ കൊറോണ പേടിച്ച് അവിടങ്ങളിലേക്ക് മുഖം കൊടുക്കാതിരിക്കുന്നു. ഇപ്പോൾ സുരക്ഷിതരാണെങ്കിലും ഇനിയെന്ത് എന്ന ചിന്തയിൽ പേടിച്ച് പുറന്തോടിനുള്ളിലേക്ക് വലിയുന്നു. നിർബന്ധമായും പുറത്തേക്ക് വരേണ്ടി വരുമ്പോഴൊക്കെ ആശങ്കകൾ കൊണ്ട് വലയുന്നു. ¶ എല്ലാറ്റിനെയും മറികടക്കാൻ സാഹിത്യത്തിനു കഴിയുമെന്നുറപ്പിച്ച് താളുകളിലഭയം കണ്ടെത്തുന്നു. അവയിലൊന്ന് എന്നെ ഹൃദയത്തോടു ചേർത്തു പിടിക്കുന്നു ' അമ്മയുടെ നെഞ്ചിലെ ചൂടാൽ പൊതിയുന്നു. മറന്നുപോയ പലതിനെയും വീണ്ടെടുത്തു തരുന്നു .ചൂട്ടുകറ്റകളും ടോർച്ചും റേഡിയോയുമുള്ള ഒരു കാലത്തെ കൈക്കൊണ്ട് തൊടാൻ പറ്റുന്നു.. നിരാശകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് , നീരൊഴുക്കുള്ള പുഴയിലൊന്നു മുങ്ങി നിവർന്ന സ്വച്ഛതയനുഭവിപ്പിച്ച ആ പുസ്തകമേതെന്നല്ലേ.. അടയാളം പബ്ലിക്കേഷൻസിന്റെ ശ്രീലകത്തെ സാളഗ്രാമങ്ങൾ. ¶ മലയാളം കണ്ട ഏറ്റവും മികച്ച കഥാകൃത്തുക്കളിലൊരാളായ അഷ്ടമൂർത്തിയുടെ മുപ്പത് ലേഖനങ്ങളാണ് കൃതിയുടെ ഉള്ളടക്കം.2007 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ വിവിധയിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണിത്. രസകരമായ തലക്കെട്ടുകളിൽ മൂന്നുമുതൽ ആറുവരെ പേജ് ദൈർഘ്യത്തിൽ ലളിതസുന്ദരമായി വിവിധ വിഷയങ്ങളിലേക്ക് അദ്ദേഹം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നമ്മൾ പിന്നിട്ട കാലത്തിന്റെ നന്മയിലേക്ക്, അത്ഭുതങ്ങൾ നഷ്ടപ്പെടുന്ന പുതിയ കാലത്തിന്റെ വിഹ്വലതയിലേക്ക്, പുത്തൻ മണമുള്ള പാഠപുസ്തകങ്ങളിലേക്ക് ,മറന്നു പോയ മഷിപ്പേനകളിലേക്ക്, കുറ്റിയയറ്റു പോയ വയറ്റാട്ടിമാരിലേക്ക് ഒക്കെ നമ്മുടെ ചിന്തകളെ വ്യാപരിപ്പിക്കുന്നു. ¶ ഏറ്റവും ലളിതമായ വാക്കുകളിലൂടെ നമ്മൾ നടന്നു തീർത്ത വഴികളിലേക്ക് തിരിച്ചു നടത്തുന്നു. അതിതീവ്രമായ രാഷ്ട്രീയബോധവും അതിസൂക്ഷ്മമായ നിരീക്ഷണങ്ങളും അടയാളപ്പെടുത്തുന്നു.മദ്യത്തേക്കാൾ വലിയ ലഹരിയായി ഇൻറർനെറ്റ് നമ്മിൽ വല മുറുക്കിയതിനെ ചൂണ്ടിക്കാണിക്കുന്നു. നമുക്കു മുമ്പും ഈ പ്രപഞ്ചം ഉണ്ടായിരുന്നുവെന്നും നമുക്ക് ശേഷവും അതുണ്ടാവുമെന്നും അംഗീകരിക്കാനുള്ള നമ്മുടെ മടിയെ മറനീക്കികാണിക്കുന്നു. മുപ്പതിനുതാഴെയുള്ളവർ പൊതുസ്ഥലത്തെത്താതിന്റെ ആശങ്ക ,അടിച്ചു കൂട്ടുന്ന ഫ്ലക്സുകളും അതിലെ അക്ഷര,വ്യാകരണത്തെറ്റുകളും, ഉത്തരേന്ത്യൻ ആചാരങ്ങളും ഉത്സവങ്ങളും കേരളീയതയുടെ മുകളിൽ ആധിപത്യം ചെലുത്തുന്നത് തുടങ്ങി മലയാളി അറിയാതെ പോകുന്ന അപകടങ്ങളെയദ്ദേഹം തുറന്നു പറയുന്നുണ്ട്. ¶ ജാതിയിലേക്കും മതത്തിലേക്കുമുള്ള നമ്മുടെ തിരിച്ചുപോക്കും അതുണ്ടാക്കാൻ പോകുന്ന വിപത്തും മറച്ചുവെക്കുന്നില്ല. എല്ലാറ്റിനുമുപരിയായി കരച്ചിൽ നല്ല വ്യവഹാരമാണെന്നും കരയുന്നതിനായി സൗകര്യമൊരുക്കുന്ന ടോക്യോവിലെ മിത്സുയി ഗാർഡൻ യോത്സുയ എന്ന ഹോട്ടൽ ശൃംഖലയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. കരച്ചിൽ എന്ന വ്യവഹാരത്തിന്റെ പ്രസക്തി ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. എത്ര നാളായിട്ടുണ്ടാവും നമ്മളൊന്ന് കരഞ്ഞിട്ട്? ആർദ്രത ഇത്രമേൽ നമ്മളിൽ നിന്ന് വറ്റിപ്പോയോ? ഋഷിതുല്യമായ ക്രാന്തദർശിത്വത്തോടെ അഷ്ടമൂർത്തി എന്നോ എഴുതി വെച്ച ഈ ലേഖനങ്ങൾ ഒരു പുത്തനുണർവ് നൽകുന്നുണ്ട്. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം' ¶ " Literature is the most agreeable way of ignoring life." പലപേരുകളിലെഴുതിയ ഫെർണാണ്ടോ പെസ്സോവ പറഞ്ഞത് ആപ്തവാക്യമായെടുക്കാം. ഈ കെട്ട കാലത്തെ സാഹിത്യം കൊണ്ട് ജ്ഞാനസ്നാനം ചെയ്യിക്കാം.
WebMaster
01 Jun , 2020
Similar Books