അടയാളത്തിന് രണ്ടാം പിറന്നാള്‍
November 01 , 2019
2017 നവംബറിലെ ആദ്യപ്രഭാതത്തിലാണ് അടയാളം യാഥാര്‍ഥ്യമാകുന്നത്. നിരവധി നൂതനമായ ആശയധാരകള്‍ക്ക് ജന്മം നല്‍കിയ അതേ തൃശ്ശൂരിന്റെ മണ്ണില്‍ നിന്നും വായനയുടെയും എഴുത്തിന്റെയും ലോകത്ത് പുതിയൊരു ആശയത്തിന് പിറവികൊടുക്കുകയെന്നതായിരുന്നു അടയാളം കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചത്. പ്രസാധനരംഗത്ത് പുതിയൊരു വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ ഏറെയും സാക്ഷാത്ക്കരിക്കാനായിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. വിചാരിച്ചത്ര വേഗതയില്‍ പലതും പൂര്‍ത്തിയാക്കാനായില്ല, മാത്രമല്ല, പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടിയും വന്നു. എങ്കിലും 35 ല്‍ പരം പുസ്തകങ്ങള്‍ ഞങ്ങള്‍ നിങ്ങളുടെ മുന്നിലെത്തിച്ചിട്ടുണ്ട്. പല ശ്രദ്ധേയമാകാവുന്ന പുസ്തകങ്ങളും പണിപ്പുരയിലുണ്ട്. ആഷാമേനോന്‍ മുതല്‍ പുതിയ തലമുറയിലെ എഴുത്തുകാര്‍ വരെയുള്ളവരുടെ പുസ്തകങ്ങള്‍ ഈ ചുരുങ്ങിയ കാലയളവില്‍ അടയാളം ഒരുക്കിയിട്ടുണ്ടെന്നുള്ളത് ഞങ്ങളെ കൃതാര്‍ത്ഥരാക്കുന്നു. സാമൂഹ്യമാധ്യമത്തിനപ്പുറത്തുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊന്നും അടയാളം ഉപയോഗിക്കുന്നില്ലെന്നത് ഒരുപക്ഷേ വായനക്കാര്‍ക്ക് അടയാളത്തിന്റെ പുസ്തകങ്ങളെ കണ്ടെത്തുന്നതില്‍ തടസ്സമാകുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, അടയാളവുമായി ആത്മബന്ധം പുലര്‍ത്തുന്ന നിരവധിപേരുടെ പിന്തുണ ഏതുകാലത്തും ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അവര്‍ നല്‍കിയ കരുത്തും ആവേശവും തന്നെയാണ് ഏറ്റവും വലിയ മൂലധനം. ഈ രണ്ടാം പിറന്നാളില്‍ ഞങ്ങള്‍ ഏവരെയും കൃതജ്ഞതയോടെ സ്മരിക്കട്ടെ...