inner-banner

News & Events

മായാസ്‌മൃതി, ഓർമകളുടെ ചാമരം എന്നീ ഗ്രന്ഥങ്ങളുടെ കവർ പ്രകാശനം

July 16 , 2021

News-Events

തന്റെ ശിഷ്യനാണെന്നതിൽ അഭിമാനിക്കുന്നതായി പലപ്പോഴും പറയാറുള്ള ജോൺപോളിന്റെ അധ്യാപകനാകുവാൻ കഴിഞ്ഞതിൽ തനിക്കാണ് അഭിമാനമെന്ന് തലമുറകളുടെ ഗുരുനാഥനും കൊച്ചിയുടെ സാംസ്കാരിക പിതാവുമായ എം. കെ. സാനു. അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധപ്പെടുത്തുന്ന ജോൺപോൾ ഗ്രന്ഥപരമ്പരയിലെ മൂന്നാമതും നാലാമതും ഗ്രന്ഥമായ മായാസ്‌മൃതി, ഓർമകളുടെ ചാമരം എന്നീ ഗ്രന്ഥങ്ങളുടെ കവർ യഥാക്രമം സംവിധായകൻ സിദ്ധിഖിനും ഗാനരചയിതാവും ടെലിവിഷൻ മാധ്യമ വിദഗ്ധനുമായ ഷിബു ചക്രവർത്തിക്കും നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രകാരൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ എന്നിങ്ങനെ വൈവിധ്യമാർന്ന നിലകളിൽ സാംസ്കാരിക ധാരയിൽ സജീവ സാന്നിധ്യമായ ജോൺപോളിനെ സവ്യസാചി എന്നാണ് താൻ വിശേഷിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.


കവർ പ്രകാശന വേദി ഒരർത്ഥത്തിൽ ഗുരുശിഷ്യ സംഗമ വേദികൂടിയായി. ജോൺപോളിനെപോലെ സാനുശിഷ്യരാണ് സിദ്ധിക്കും ഷിബു ചക്രവർത്തിയും. അവരിരുവരും ജോൺപോളിനെ ഗുരുതുല്യനായാണ് ഗണിക്കുന്നത്. ഏതു സംശയവുമായും എപ്പോഴും സമീപിക്കാവുന്ന ഒരഭയ സ്ഥാനമാണ് തന്നെസംബന്ധിച്ചിടത്തോളം ജോൺപോൾ എന്ന് സിദ്ധിഖ് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടികൾ എപ്പോഴും ആധികാരികമായിരിക്കും. ചലച്ചിത്ര രംഗത്ത് മാത്രമല്ല സാഹിത്യത്തിലും ഇതര സാമൂഹ്യ തലങ്ങളിലും ഒരുപോലെ തങ്ങളെയും തങ്ങൾക്കുശേഷം വന്നവരെയും മുൻനയിക്കുന്ന ഏറ്റവും നല്ല സ്വാധീനമാണ് ജോൺപോൾ എന്ന് ഷിബു ചക്രവർത്തി സാക്ഷ്യപ്പെടുത്തി. ജോൺപോളിന്റെ  അനുഭവകുറിപ്പുകളും ഓർമ്മകളും അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് ഏറെ വിലപ്പെട്ടതാണ്.

ഫാ. തോമസ് പുതുശ്ശേരി, ഫാ. അനിൽ‍ ഫിലിപ്പ്, സി.ജി. രാജഗോപാൽ, ജോണ്‍സണ്‍ സി. എബ്രഹാം, പി.ജെ. ചെറിയാന്‍, ജോളി പവേലില്‍ തുടങ്ങിയവർ എറണാംകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. പുസ്തകങ്ങളുടെ പ്രീ-ബുക്കിംഗ് ഉടന്‍ ആരംഭിക്കും.



Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top