വേർപാടിൽ നൊമ്പരപ്പെട്ട് സി. ആർ. രാജഗോപാലൻ മാഷിന് വിട...
December 31 , 2021
ഫോക്‌ലോറിൻ്റെ സമസ്ത രംഗങ്ങളിലും സ്വന്തം ഹൃദയമുദ്രകൾ പതിപ്പിച്ച ഒരന്വേഷിയായിരുന്നു സി. ആർ. രാജഗോപാലൻ മാഷ്. ഫോക്‌ലോർ എന്നൊരു പഠനശാഖ ഉണ്ടെന്ന് ഒരാളും കരുതാതിരുന്ന ഒരു കാലത്ത് നാടൻ കലകളുമായി സഹവസിക്കുകയും സംവദിക്കുകയും അവയെ മുഖ്യധാരയിൽ തിളക്കി പ്രതിഷ്ഠിക്കുകയും ചെയ്ത ദീർഘദർശി. ലോകത്തെങ്ങുമുള്ള, ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ പ്രത്യേകിച്ചും പൈതൃകകലകളെ പഠിക്കുന്നതിന് കാടകങ്ങളിലേക്ക് അനിശ്ചിത യാത്രകൾ നടത്തിയ സഞ്ചാരി. വിസ്മയം നിറയുന്ന കണ്ണുകളുമായി ഗോത്രവംശ സംസ്കൃതിക്ക് കാവലിരുന്ന്, പാരമ്പര്യത്തിൽനിന്ന് ആധുനികതയിലേക്ക് ഒരു നൂൽപാലം വലിച്ചുകെട്ടിയ ഏകാകി. കീഴാള കലകളെ വംശനാശത്തിൽനിന്നും രക്ഷിക്കാൻ പാടുപെട്ട പോരാളി. അരികുമനുഷ്യർക്ക് അതിജീവനപാത തുറന്നുതന്ന പ്രകൃതിസ്നേഹി.
ഗൗരവത്തിൻ്റെ മുഖംമൂടിയിട്ട ഗുരുനാഥനായിരുന്നില്ല രാജഗോപാലൻ മാഷ്. വാത്സല്യം കൊണ്ട് വിരുന്നൂട്ടിയ ഒരു വഴികാട്ടിയായിരുന്നു മാഷ് വിദ്യാർത്ഥികൾക്ക്. അദ്ദേഹത്തിൻ്റെ ആത്മസൗന്ദര്യം അനുഭവിച്ചവരിൽ അടയാളവും ഉൾപ്പെടുന്നു. 'ഡയസ്പോറ ഏറുമാടങ്ങൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ നൽകിയതിൽ അടയാളത്തിന് മാഷോട് ഒരിക്കലും തീരാത്ത കടപ്പാടുണ്ട്. വേർപാടിൽ നൊമ്പരപ്പെട്ട് സി. ആർ. രാജഗോപാലൻ മാഷിന് വിട...