മാടമ്പ് കുഞ്ഞുകുട്ടൻ വിടവാങ്ങി...
May 11 , 2021
അസ്തിത്വദുഃഖത്തിന്റെ ആഴങ്ങളിൽ സ്വയം നഷ്ടപ്പെടുത്തിയും ആധ്യാത്മികതയുടെ ഉത്തുംഗ ശൃംഗങ്ങളിൽ വിഹരിച്ചും ജീവിതം ആഘോഷിച്ച എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടൻ. ഇരുൾ ചൂഴുന്ന മനുഷ്യാനുഭവങ്ങളെ പ്രസാദാത്മകതയോടെ മാത്രം അവതരിപ്പിച്ച മാടമ്പ് ഭാരതീയ ദർശനങ്ങളുടെയും പുരാണേതിഹാസങ്ങളുടെയും ആത്മസത്ത എഴുത്തിൽ സ്വാംശീകരിച്ചു. പുതിയ നൂറ്റാണ്ടിനെ പൗരാണിക സംസ്കൃതിയോട് ബന്ധിപ്പിക്കുന്ന ഉറപ്പുള്ള പാലമായി മാറിയ മാടമ്പ് ആധുനിക മലയാളിയുടെ ആത്മസംഘർഷങ്ങളോട് അനുതാപപൂർവ്വം ചേർന്ന്നിന്നു.
അടയാളം തുടങ്ങുന്ന ദിവസം മുഖ്യാതിഥിയായി സന്നിഹിതനായ മാടമ്പ് ഭദ്രദീപം കൊളുത്തി ഞങ്ങളുടെ സ്വപ്നസംരംഭത്തിന് വഴികാട്ടിയായി. അടയാളം എന്നും മാടമ്പിന്റെ ഉപദേശങ്ങൾക്ക് കാതോർത്തു. മാടമ്പിൽനിന്നും അടയാളത്തിന് ലഭിച്ച കരുതലും പരിഗണനയും നന്ദിയോടെ ഓർമ്മിക്കുന്നു. മാടമ്പിന്റെ മൂന്നുപുസ്തകങ്ങൾ അടയാളം പ്രസിദ്ധീകരിച്ചു. നാല് പുസ്തകങ്ങൾ പണിപ്പുരയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അവസാന നോവലായ 'പെഴച്ച പന്ത്രണ്ട്' അടയാളത്തിലൂടെ പുറത്തുവരികയും ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തത് ഞങ്ങളുടെ സൗഭാഗ്യങ്ങളിലൊന്നാണ്.
മാടമ്പിന്റെ നിര്യാണത്തിലൂടെ അടയാളത്തിന് ഇല്ലാതായത് വാത്സല്യത്തിന്റെയും കരുതലിന്റെയും ബോധിവൃക്ഷ തണലാണ്. മാടമ്പ് കുഞ്ഞുകുട്ടൻ എന്ന മഹാപ്രതിഭയുടെ വിയോഗം മലയാളഭാഷയെ എന്നപോലെ അടയാളത്തെയും അനാഥമാക്കുന്നു...