മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർ വിട വാങ്ങി...
December 23 , 2020
മലയാള കവിതയിലെ വനപർവ്വവും എഴുത്തിലെ മനുഷ്യപർവ്വവുമാണ് സുഗതകുമാരി ടീച്ചർ. ആയുസ്സു മുഴുവൻ മാനവികതയ്ക്കും പ്രാപഞ്ചികതയ്ക്കും വേണ്ടി നിലകൊണ്ട എഴുത്തുകാരിയും ആക്ടിവിസ്റ്റും. കേരളത്തിൽ ഇത്തിരി പച്ചപ്പ് അവശേഷിക്കുന്നുണ്ടെങ്കിൽ, ഭൂമിയുടെ അവകാശികളായ ജീവികുലങ്ങൾ പുലരുന്നുണ്ടെങ്കിൽ അതിന് നമ്മൾ കടപ്പെട്ടിരിക്കുന്നത് ടീച്ചറോടാണ്. സൈലൻറ് വാലി ഒരു നിശബ്ദ താഴ്വരയായി നിലനിൽക്കുന്നതിന് ടീച്ചറോട് നമ്മൾ നന്ദിയോതുക. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്കും അവഗണിക്കപ്പെടുന്ന വയോജനങ്ങൾക്കും നിരാലംബരായ കുട്ടികൾക്കും വേണ്ടി ടീച്ചർ അഭയത്തിന്റേയും കാരുണ്യത്തിന്റേയും കരങ്ങൾ ചേർത്തുപിടിച്ചു. നന്മാർദ്രമായ മനസ്സുകൊണ്ട് ടീച്ചർ മലയാളികളെ ആഴത്തിൽ തൊട്ടു.
മാനുഷികതയുടെ ഒരിക്കലും വറ്റാത്ത ഉറവയാണ് സുഗതകുമാരിക്കവിതകൾ. മലയാളികളുടെ മനസ്സ് മണൽപറമ്പായി മാറുന്നതിനെതിരെ വൈദിക ജാഗ്രതയോടെ നിലകൊണ്ട സ്നേഹധന്യയായ ഒരമ്മയാണ് സുഗതകുമാരി. മധുര വാത്സല്യത്തിന്റെ ആ പൂമരക്കാട് ഓർമയിലേക്ക് മറയുകയാണ്. മുറിവേറ്റ രാപക്ഷിയുടെ പിടച്ചിലോടെ പാടിക്കൊണ്ടിരുന്ന സുഗതകുമാരിടീച്ചർക്ക് അടയാളത്തിന്റെ കണ്ണീർ പ്രണാമം...